ന്യൂഡല്‍ഹി: സുപ്രിം കോടതി വിധികള്‍ ഒന്‍പത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാനുള്ള ശ്രമത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രശംസിച്ചു. ഭരണഘടന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ക്ക് മനസിലാകാന്‍ എളുപ്പമാകും. ഇത് സാധാരണക്കാരായ ജനങ്ങളെ നിയമ സംവിധാനത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭാഷകളില്‍ വിധികള്‍ ലഭ്യമാക്കുമെന്നും പ്രാദേശിക ഭാഷകളില്‍ വിധികള്‍ ലഭ്യമാക്കണമെന്ന ആശയത്തെ പിന്തുടര്ന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ 100 സുപ്രധാന വിധികളുടെ പരിഭാഷ പ്രസിദ്ധീകരിച്ചതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാക്കാന്‍ ബെഞ്ചിലും ബാറിലുമുള്ള എല്ലാ അംഗങ്ങളും പരിശ്രമിക്കണം. നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ രൂപകല്‍പ്പന ചെയ്ത തുല്ല്യനീതി എന്ന ആശയത്തോട് വീട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ജുഡീഷ്യറിയുടെയും പാര്‍ലമെന്‍ററി സംവിധാനത്തിന്‍റേയും സഹവര്‍ത്തിത്വം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ ശില്‍പ്പികളോട് രാഷ്ട്രം എപ്പോഴും കടപ്പെട്ടിരിക്കും. ഭരണഘടന നിര്‍മാണ കമ്മിറ്റി പ്രസിഡന്‍റ് ഡോ രാജേന്ദ്ര പ്രസാദ്, ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ബാബാസാഹേബ് അംബേദ്കര്‍ എന്നിവരെ രാഷ്ട്രം നന്ദിയോടെ ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സംസാരിച്ച സരോജിനി നായിഡു, രാജ്കുമാരി അമൃത് കൗര്‍, ഹൻസബെൻ ജീവരാജ് മേത്ത, സുചേത കൃപലാനി, ജി. ദുർഗ ഭായ് എന്നിവര്‍ക്കും അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.