ന്യൂഡൽഹി: കൊവിഡ് സാഹചര്യവും ചൈന ബോർഡർ പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമെന്ന് നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിങ്. ചൈന അതിർത്തിയിൽ പി-8 ഐ എയർ ക്രാഫ്‌റ്റും നാവികസേന സൈന്യവും സജ്ജമാണെന്ന് കരംബീർ സിങ് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ലംഘനമുണ്ടായാൽ നേരിടാൻ സേന തയാറാണെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തി മേഖലകളിൽ പി-8 ഐ എയർ ക്രാഫ്‌റ്റ് വിന്യസിച്ചിട്ടുണ്ടെന്നും നിലവിൽ മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണെന്നും അദ്ദഹം പറഞ്ഞു. 43 യുദ്ധക്കപ്പലുകളും 41 അന്തർവാഹിനികളും ഭാവിയിൽ നാവികസേനക്കായി ഒരുക്കുമെന്നും ഡ്രോൺ ആക്രമണത്തിൽ നിന്നുള്ള സംരക്ഷണത്തിനായി സ്‌മാഷ്-2000 റൈഫിളുകളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകളിലും, മാലദ്വീപിലെയും റഷ്യയിലെയും വിദേശ ബില്ലറ്റുകളിലുമായി വനിതാ ഓഫിസർമാരെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു. 'മലബാർ' ദൗത്യത്തിൽ യു.എസ് സഹകരണവും വിശ്വാസ്യതയും വർധിപ്പിക്കുന്നതിൽ ജാപ്പനീസ്, ഓസ്‌ട്രേലിയൻ നാവികസേനകളുടെ സംഭാവനകളും ഉൾപ്പെടുത്തി. നൈബർഹുഡ് ഫസ്റ്റ് എന്ന ദൗത്യത്തിന് മുൻതൂക്കം നൽകുന്നതായും അദ്ദേഹം പറഞ്ഞു.