ന്യൂഡല്‍ഹി: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 5,400 കിടക്കകള്‍ ലഭ്യമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര സായുധ പൊലീസ് സേനയോട് ആവശ്യപ്പെട്ടു.
പുതിയതായി 75 ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കണമെന്ന് കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ശാശാത്ര സീമാ ബാൽ (എസ്എസ്ബി) എന്നിവരോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് 19നെ ചെറുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ 37 സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 75ഓളം ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇന്ത്യയില്‍ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.