ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍.പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രി ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. പടക്കം പൊട്ടിക്കാൻ ആഗ്രഹിക്കുന്നവർ ഹരിത പടക്കങ്ങള്‍ തെരഞ്ഞെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മുംബൈയിലെ ആരേ വനത്തിലെ മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സുപ്രീംകോടതി അധികൃതർ മരങ്ങൾ വെട്ടിമാറ്റുന്നത് വിലക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ജാവദേക്കര്‍ പ്രതികരിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്തിന്‍റെ പച്ചപ്പ് 15,000 ചതുരശ്ര കിലോമീറ്ററായി വർധിച്ചതായും മന്ത്രി പറഞ്ഞു.
ദേശീയ തലസ്ഥാനം നേരിടുന്ന മലിനീകരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്രസർക്കാർ മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹിയിലും പരിസരങ്ങളിലുമുള്ള മലിനീകരണം പരിശോധിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 46 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ജാവേദേക്കര്‍ കൂട്ടിച്ചേർത്തു.