ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി അടച്ചിട്ട ബാർബർ ഷോപ്പുകളും സലൂണുകളും സർക്കാർ അനുമതിയെ തുടർന്ന് വീണ്ടും തുറന്നു. ഡൽഹി, ഭോപ്പാൽ, ചെന്നൈ എന്നിവിടങ്ങളിൽ മുൻകരുതലെന്ന നിലയിൽ ബാർബർ ഷോപ്പുകളിലെ ജീവനക്കാർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്‌തു. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മിക്ക സംസ്ഥാനങ്ങളിലും ബാർബർ ഷോപ്പുകളിലേക്കെത്തുന്ന ഉപഭോക്താക്കളുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സൂക്ഷിക്കാനും ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ട്. പകുതി ജീവനക്കാർ മാത്രമാണ് ജോലിയെടുക്കുന്നത്. മുൻകൂട്ടി അറിയിച്ചതിന് ശേഷമാണ് ഉപഭോക്താക്കൾ എത്തുന്നതെന്നും അതിനാൽ കടകൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ട സാഹചര്യമില്ലെന്നും ബാർബർ ഷോപ്പ് ഉടമകൾ പറയുന്നു. ജൂൺ ഒന്ന് മുതൽ ലോക്ക് ഡൗൺ ഇളവുകളുടെ ഒന്നാം ഘട്ടം നടപ്പാക്കിയെങ്കിലും ജൂൺ 30ന് ശേഷം മാത്രമേ കൂടുതൽ സജീവമാകൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.