ന്യൂഡല്‍ഹി: പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്കയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക നിലപാടറിയച്ചത്. ഗല്‍വാൻ താഴ്‌വരയിലെ സംഘര്‍ഷത്തിനിടെ ജീവൻ വെടിഞ്ഞ 20 ഇന്ത്യൻ സൈനികര്‍ക്ക് പോംപെയോ ആദരമര്‍പ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതല യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൈക്ക് പോംപെയോയുടെ പ്രസ്താവന. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പര്‍, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ചൈനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ മൈക്ക് പോംപെയോ നടത്തിയത്. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല ഇന്ത്യ നേരിടുന്ന മറ്റെല്ലാ വെല്ലുവിളികളെയും നേരിടാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് പോംപെയോ വ്യക്തമാക്കി. സൈബര്‍ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയുമായി അമേരിക്ക സഹകരണം ആരംഭിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തില്‍ സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു. അതേ നിലപാട് അമേരിക്ക ഇനിയും തുടരും. ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കത്തിന് അമേരിക്കയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും പോംപെയോ പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പോരാടുമെന്നും വിഷയം വിശദമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും പോംപെയോ പറഞ്ഞു. അമേരിക്കയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യൻ പ്രതിനിധികളുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. ഇത്തവണത്തെ കൂടിക്കാഴ്‌ചയില്‍ ബേസിക് എക്‌സ്‌ചേഞ്ച് ആന്‍റ് കോര്‍പ്പറേഷൻ കരാര്‍, അമേരിക്കൻ സൈന്യം ശേഖരിക്കുന്ന സാറ്റ്‌ലൈറ്റ് ഇമേജുകള്‍ ഇന്ത്യയ്‌ക്കും പങ്കുവയ്‌ക്കാനുള്ള കരാര്‍ എന്നിവയടക്കം അഞ്ച് നിര്‍ണായക കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടെന്നും മൈക്ക് പോംപെയോ അറിയിച്ചു.