ന്യൂഡൽഹി: ഡൽഹി പ്രക്ഷോഭത്തിൽ അക്രമം സംഘടിപ്പിക്കുന്നതിനായി വിതരണം ചെയ്‌ത ഫണ്ടുകളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ജാമിയ ഏകോപന സമിതി അംഗം മീറാൻ ഹൈദറിന്‍റെ വീട്ടിൽ നിന്നാണ് രജിസ്റ്റർ കണ്ടെത്തിയത്. കണ്ടെടുത്ത രജിസ്റ്റർ കൈയക്ഷര പരിശോധനക്കായി ഫോറൻസിക് ലാബിന് അയച്ചതായി പൊലീസ് അറിയിച്ചു.
ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജാമിയ മിലിയ ഇസ്ലാമിയയിലെ പിഎച്ച്ഡി വിദ്യാർഥിയായ മീറാൻ ഹൈദറിനെ ഈ വർഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്‌തത്. കലാപത്തിന് മുന്നോടിയായി അഞ്ച് ലക്ഷം രൂപ മീറാന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ രജിസ്റ്ററും രണ്ടര ലക്ഷം രൂപയും വീട്ടിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒമാനിൽ നിന്നും യുകെയിൽ നിന്നുമാണ് പണം നിക്ഷേപിച്ചത്. അക്രമവുമായി രജിസ്റ്ററിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അക്രമവുമായി ബന്ധപ്പെട്ട് 2,500 ലധികം പേരെ അറസ്റ്റ് ചെയ്‌ത് തടവിലാക്കി.