ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി വളപ്പില്‍ നടന്ന സംഘര്‍ഷത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിനെ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പട്‌നായിക്കിനെ പുറത്താക്കണമെന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അമുല്യ പട്‌നായിക്കിനെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പുതിയ പൊലീസ് കമ്മീഷണറിനായി തെരച്ചിൽ ആരംഭിച്ചതായും വൃത്തങ്ങൾ വെളിപ്പെടുത്തി. മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ അധിക ചുമതല വഹിക്കുന്ന ഡിജെ രാകേഷ് അസ്താന, ഗുജറാത്ത് കമ്മീഷണർ ശിവാനന്ദ് ഛാ, ജമ്മു കശ്മീർ എഡിജി എസ്എൻ ശ്രീവാസ്തവ എന്നിവരുടെ പേരുകളാണ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ന്ന് വരുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രഖ്യാപിച്ചേക്കും. പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ മാറ്റിസ്ഥാപിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പദവിയില്‍ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമുല്യ പട്‌നായിക്ക് അറിയിച്ചു. നിലവിൽ പട്‌നായിക്കിന്‍റെ വിരമിക്കൽ ജനുവരി 30നാണ്. വിരമിക്കല്‍ സമയം നീട്ടി നല്‍കണമെന്നാണ് പട്‌നായിക്കിന്‍റെ ആവശ്യം.