മുംബൈ: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗല്‍വനിലെ ആര്‍മിയുടെ പ്രത്യേക വിഭാഗത്തിന്‍റെ ധീരതയെ എടുത്തുകാട്ടുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ശിവസേന. ജൂണ്‍ 15ന് ഗല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിലെ പ്രത്യേക റെജിമെന്‍റിന്‍റെ പങ്കാളിത്തം എടുത്തുകാട്ടുന്ന പ്രധാനമന്ത്രി ജാതി, പ്രാദേശികത കളിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. ശിവസേന മുഖപത്രമായ സാമനയുടെ എഡിറ്റോറിയലിലാണ് ശിവസേനയുടെ പ്രതികരണം.
ലേഖനത്തില്‍ ഗല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ ബിഹാര്‍ റെജിമന്‍റിന്‍റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെയും പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യം അതിര്‍ത്തിയില്‍ സംഘര്‍ഷം അഭിമുഖീകരിക്കുമ്പോള്‍ മഹര്‍, മറാത്ത, രാജ്‌പുട്, സിഖ്, ഗോര്‍ഖ, ദോഗ്ര റെജിമെന്‍റുകള്‍ നിഷ്‌ക്രിയമായി ഇരിക്കുകയും പുകയില ചവച്ചു കൊണ്ടിരിക്കുകയുമാണോ ചെയ്‌തതെന്ന് മറാത്തി പത്രം ചോദിക്കുന്നു.
പുല്‍വാമയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മഹാരാഷ്‌ട്രയിലെ സിആര്‍പിഎഫ് ജവാനായ സുനില്‍ ഖാലെ കൊല്ലപ്പെട്ടിരുന്നു. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈന്യത്തിലെ മതത്തിനും ജാതിക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കൊറോണ വൈറസിനേക്കാള്‍ ഗുരുതരമായ രോഗമാണ് ഇത്തരം രാഷ്‌ട്രീയമെന്ന് എഡിറ്റോറിയല്‍ പറയുന്നു.