ഷിംല: ഹിമാചൽ പ്രദേശിൽ അടൽ റോഹ്താങ്ങ് ടണലിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്ററും യാത്രാ സമയം നാല് മണിക്കൂറും കുറയ്ക്കുന്ന തന്ത്രപ്രധാനമായ തുരങ്കമാണിത്. ശനിയാഴ്ച. ലാഹോൾ സ്പിതിയിലെ സിസ്സുവിലും സോളാങ് വാലിയിലും നടക്കുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പരിപാടിയുടെ ഭാഗമാകും.
പ്രധാനമന്ത്രി നാളെ കുളു ജില്ലയിലെ സെന്‍റർ ഫോർ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്‍റിൽ എത്തും. കൂടാതെ അടൽ തുരങ്കത്തിലൂടെ യാത്ര ചെയ്ത് ലാഹോൾ-സ്പിതി ജില്ലയിലെ വടക്കൻ പോർട്ടലിലെത്തി ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് അടൽ ടണൽ. 9.02 കിലോമീറ്റർ നീളമുള്ള തുരങ്കം വർഷം മുഴുവൻ മനാലിയെ ലാഹോർ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കും. കനത്ത മഞ്ഞുവീഴ്ച കാരണം എല്ലാ വർഷവും ആറുമാസത്തോളം താഴ്‌വര ഒഴിഞ്ഞുകിടക്കാറാണ് പതിവ്. ഹിമാലയത്തിലെ പിർ പഞ്ജൽ ശ്രേണിയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്ന് (എംഎസ്‌എൽ) 3,000 മീറ്റർ (10,000 അടി) ഉയരത്തിലാണ് ഈ തുരങ്കം നിർമിച്ചിരിക്കുന്നത്.
കുതിരലാടത്തിന്‍റെ ആകൃതിയിലുള്ള സിംഗിൾ-ട്യൂബ് ഡബിൾ ലെയ്ൻ ടണലാണ് ഇത്. എട്ട് മീറ്റർ റോഡ്‌വേയും 5.525 മീറ്റർ ഓവർഹെഡ് ക്ലിയറൻസും ഉണ്ട്. ഏകദേശം 3,300 കോടി രൂപ ചെലവിൽ നിർമിച്ച തുരങ്കം രാജ്യത്തിന്‍റെ പ്രതിരോധ മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.
2000 ജൂൺ 3ന് റോഹ്താങ് ചുരത്തിന് താഴെ തന്ത്രപരമായ തുരങ്കം നിർമിക്കാനുള്ള തീരുമാനം അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്‍റെതായിരുന്നു, തുരങ്കത്തിന്‍റെ തെക്കൻ പോർട്ടലിലേക്കുള്ള പ്രവേശന പാതയുടെ ശിലസ്ഥാപനവും 2002 മെയ് 26ന് നടത്തിയിരുന്നു. ലാഹൗളിലെ താഷി ദോബെ ഗ്രാമത്തിലെ സുഹൃത്ത് അർജുൻ ഗോപാലിൽ നിന്നാണ് തുരങ്കം നിർമിക്കാനുള്ള ആശയം വാജ്‌പേയിക്ക് ലഭിച്ചതെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.
കഴിഞ്ഞ വർഷം അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ ആദര സൂചകമായാണ് 2019 ഡിസംബറിൽ റോഹ്താങ് ടണലിനെ അടൽ ടണൽ എന്ന് നാമകരണം ചെയ്യാൻ മോദി സർക്കാർ തീരുമാനിച്ചത്.