ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖല ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ മേഖലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിന് സൈനിക വകുപ്പിന്‍റെ സഹായവും തേടും. വിമാനത്താവളങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കും. ഇതുവഴി കൂടുതല്‍ നികുതി വരുമനം കണ്ടെത്താനാണ് തീരുമാനം.
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് പി.പി.പി അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇതിനുള്ള ടെണ്ടര്‍ വിളിക്കാനാണ് തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡി.ജി.സി.എയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും പദ്ധതിയുണ്ട്. കൊവിഡ് ബാധ വ്യോമയാന മേഖലക്ക് സാരമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക വ്യാപകമായി വിമാന യാത്രക്കള്‍ നിരോധിക്കാന്‍ ഇത് കാരണമായെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.