ആലപ്പുഴ: അമ്പലപ്പുഴ കരൂരിലെ അതിക്രൂര കൊലപാതകത്തിൽ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്‌മിയുടെ (48) മൃതദേഹം കണ്ടെത്തി. പ്രതി ജയചന്ദ്രന്‍റെ വീടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോൺക്രീറ്റിട്ട് കെട്ടിയ നിലയിലായിരുന്നു. വിജയലക്ഷ്‌മിയെ കട്ടിങ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച് കൊന്ന ശേഷം കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഏഴിനായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. പ്രതി ജയചന്ദ്രനുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
കാണാതായ വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയതെന്ന സംശയം നിലനില്‍ക്കെയാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജയചന്ദ്രൻ എന്നയാളെ പൊലീസ് നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിജയലക്ഷ്‌മിയും ജയചന്ദ്രനും സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.
വിജയലക്ഷ്‌മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്‌മി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്‌മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Also: വയനാട്ടില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്