ന്യൂഡല്‍ഹി: കൊല്‍കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കൊല്‍കത്തയിലെത്തി. കൊൽകത്തയില്‍ പുതുക്കിയ നാല് പൈതൃക കെട്ടിടങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
പഴയ കറൻസി കെട്ടിടം, ബെൽവെഡെരെ ഹൗസ്, മെറ്റ്കാല്‍ഫ് ഹൗസ്, വിക്ടോറിയ മെമ്മോറിയൽ ഹാൾ എന്നിവയാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലെ കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള സാംസ്കാരിക ഇടങ്ങളും മന്ത്രാലയം വികസിപ്പിക്കുന്നുണ്ട്. കൊൽകത്ത, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, വാരണാസി എന്നീ സംസ്ഥാനങ്ങളെയാണ് പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊൽകത്ത പോർട്ട് ട്രസ്റ്റിലെ വിരമിച്ചതും നിലവിലുള്ളതുമായ ജീവനക്കാരുടെ പെൻഷൻ ഫണ്ടിന്‍റെ കമ്മി പരിഹരിക്കുന്നതിനായി 501 കോടി രൂപയുടെ ചെക്കും പ്രധാനമന്ത്രി കൈമാറും. കൊൽകത്ത പോർട്ട് ട്രസ്റ്റിലെ ഏറ്റവും പഴയ രണ്ട് പെൻഷൻകാരായ നാഗിന ഭഗത് (105), നരേഷ് ചന്ദ്ര ചക്രവർത്തി (100) എന്നിവരെ അനുമോദിക്കുകയും പോർട്ട് ദേശീയഗാനവും അവതരിപ്പിക്കുകയും ചെയ്യും. കൂടാതെ, പോർട്ട് ജെട്ടികളുടെ സൈറ്റിൽ 150 വർഷത്തെ സ്മാരക സ്ഥാപനത്തിന്‍റെ ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്യും. കൊച്ചിന്‍ -കൊൽകത്ത കപ്പൽ നന്നാക്കൽ യൂണിറ്റിന്‍റെ നവീകരിച്ച കപ്പൽ നന്നാക്കൽ സൗകര്യവും പ്രധാനമന്ത്രി നേതാജി സുഭാഷ് ഡ്രൈ ഡോക്കിൽ ഉദ്ഘാടനം ചെയ്യും.