അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ എത്തും. കെവാഡിയ്ക്കും അഹമ്മദാബാദിനും ഇടയിലുളള സീപ്ലെയിൻ സർവീസ് ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനത്തിനുശേഷം ആദ്യമായിട്ടാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്.
മോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ശേഷം ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്‍റെ ഗാന്ധിനഗറിലെ കുടുംബത്തെ സന്ദർശിക്കും. 92 കാരനായ ബിജെപി നേതാവ് വ്യാഴാഴ്ച രാവിലെ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.തുടർന്ന് പ്രധാനമന്ത്രി നർമദ ജില്ലയിലെ കെവാഡിയയിലേക്ക് പുറപ്പെടും. കെവാഡിയ്ക്കും അഹമ്മദാബാദിനും ഇടയിലുളള രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 31 ന് സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് കെവാഡിയയ്ക്കടുത്തുള്ള 'സ്റ്റാച്യു ഓഫ് യൂണിറ്റി'യിലെ പട്ടേൽ പ്രതിമയിൽ മോദി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡൽഹിക്ക് തിരിക്കും.