ന്യൂഡൽഹി : 'ഇന്ത്യ ആദ്യം' എന്ന പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് തീരുമാനമെടുത്താലും രാജ്യഹിതത്തിനായിരിക്കണം നാം മുൻഗണന നല്‍കേണ്ടതെന്നും മോദി പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന് കരുത്ത് പകരുന്ന തീരുമാനങ്ങളാണ് നാം എടുക്കേണ്ടത്. രാജ്യത്തിന്‍റെ ക്ഷേമത്തിന് മുൻഗണന നല്‍കണം. 25 - 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2047 ല്‍ സ്വാന്തന്ത്ര്യ ദിനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ എങ്ങനെ കാണണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ആയിരിക്കണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍- മോദി ആഹ്വാനം ചെയ്തു.
ദേശീയ താൽപ്പര്യത്തേക്കാൾ വലിയ താൽപ്പര്യമൊന്നും ഞങ്ങൾക്കില്ല. രാജ്യത്തിന്‍റെ ആശങ്ക നമ്മുടെ വ്യക്തിപരമായ ആശങ്കയേക്കാൾ കൂടുതലായിരിക്കും. രാജ്യത്തിന്‍റെ ഐക്യവും സമഗ്രതയും എന്നതിലുപരി മറ്റൊന്നും ഞങ്ങൾക്ക് പ്രധാനമാകില്ല. ഭരണഘടനയുടെ അന്തസും പൂർത്തീകരണവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത കാഴ്ചപ്പാടുകളും നിലപാടുകളും രാജ്യത്തുണ്ടാകും. അത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്. നയങ്ങളിലും രാഷ്ട്രീയത്തിലും വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ പൊതുസേവനമെന്ന ലക്ഷ്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.
പുതിയ പാർലമെന്‍റ് മന്ദിരം ആധുനികവും ഊര്‍ജകാര്യക്ഷമതയുള്ളതും ആയിരിക്കും. ത്രികോണാകൃതിയിലുള്ള കെട്ടിടമായിരിക്കും ഇപ്പോഴത്തെ പാർലമെന്‍റിനോട് ചേർന്ന് നിർമിക്കുക. ഇപ്പോഴുള്ള ലോക്‌സഭ കെട്ടിടത്തേക്കാളും മൂന്നിരട്ടി വലിപ്പം പുതിയ സഭാ മന്ദിരത്തിനുണ്ടാകും. രാജ്യസഭ മന്ദിരത്തിന്‍റെ വലിപ്പവും കൂട്ടും. നമ്മുടെ പ്രാദേശിക കലകൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, വാസ്തുവിദ്യ എന്നിവയുടെ കൂടിച്ചേരലായിരിക്കും പുതിയ പാര്‍ലമെന്‍റ് മന്ദിരം. പുതുതായി നിര്‍മിക്കുന്ന ഗ്യാലറിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.