പൂനെ: ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമ ക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചടങ്ങിൽ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പാക്കുമെന്നും 200 ആളുകളിൽ കൂടുതൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 ൽ അധികം ആളുകൾ പരിപാടിയിൽ ഉണ്ടാകില്ലെന്ന് തീരുമാനിച്ചതായും സ്വാമി ഗോവിന്ദ് ദേവ് ഗിരി മാധ്യമങ്ങളോട് പറഞ്ഞു.തറക്കല്ലിടലിന് ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹനുമാൻ ഗർഹി, രാം ലല്ലാ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൃക്ഷം നട്ടുപിടിപ്പിക്കുകയും ഭൂമി പൂജ നടത്തുകയും ചെയ്യും.
കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് സുപ്രീംകോടതിയുടെ വിധിക്ക് അനുസൃതമായി അയോധ്യയിൽ രാമ ക്ഷേത്രം പണിയുന്നതിനായി സർക്കാർ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് (സിജെഐ) രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 2.7 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മുഴുവൻ ഭൂമിയും രാമക്ഷേത്രത്തിന്‍റെ നിർമ്മിക്കാനുളള അവകാശവും സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് കൈമാറാനും കോടതി വിധിച്ചിരുന്നു.
അയോദ്ധ്യയിൽ നിന്നും രാജ്യത്തുടനീളമുള്ള പ്രധാന ഇടങ്ങളിൽ നിന്നുമുള്ള സ്വാമിമാർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗിരി പറഞ്ഞു. മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്രം പണി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ സോമനാഥ് ക്ഷേത്രം, അംബ ക്ഷേത്രം, സ്വാമിനാരായണ ക്ഷേത്രം എന്നിവ രൂപകൽപ്പന ചെയ്ത സോംപുര കുടുംബത്തിന് ക്ഷേത്രത്തിന്‍റെ രൂപകൽപ്പന ചെയ്യുന്ന ജോലി നൽകിയിട്ടുണ്ട്. എൽ ആന്‍റ് ടി നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കും. മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കും.