ന്യൂഡൽഹി: ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വിവിധ ഗ്രാമപഞ്ചായത്തുകളെ അഭിസംബോധന ചെയ്യും. ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലായ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരിക്കും പ്രധാനമന്ത്രി സംവദിക്കുക. ഒപ്പം, ഏകീകൃത ഇ-ഗ്രാമസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും മോദി അവതരിപ്പിക്കുമെന്നാണ് സൂചന. ഗ്രാമപഞ്ചായത്തുകൾക്ക് അവരുടെ ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) ഒരൊറ്റ ഇന്‍റർഫേസിലൂടെ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും പഞ്ചായത്തിരാജ് മന്ത്രാലയം കൊണ്ടുവരുന്ന ഒരു സംരംഭമാണ് ഈ പോർട്ടൽ. ഗ്രാമീണ ഇന്ത്യയ്ക്ക് സംയോജിത സ്വത്ത് മൂല്യനിർണയം നടത്തുന്നതിന് സഹായിക്കുന്ന സമത്വ പദ്ധതികൾക്കും നാളെ തുടക്കം കുറിക്കും. ഗ്രാമപ്രദേശങ്ങളിലെ അതിര്‍ത്തി രേഖപ്പെടുത്താനായി ഏറ്റവും പുതിയ സർവേ രീതികളും ഉപയോഗിക്കും.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ച പഞ്ചായത്തുകൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവക്ക് ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ മന്ത്രാലയം അവാർഡുകളും നൽകി വരുന്നുണ്ട്. നാനാജി ദേശ്‌മുഖ് രാഷ്‌ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാർ (എൻഡിആർജിജിഎസ്‌പി), ശിശു സൗഹാർദ ഗ്രാമപഞ്ചായത്ത് അവാർഡ് (സിഎഫ്‌ജിപിഎ), ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) അവാർഡ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് ഈ വർഷം നിശ്ചയിച്ചിരിക്കുന്നത്. ഇവ അതാത് സംസ്ഥാനങ്ങൾക്ക് എത്തിക്കും.