ന്യൂഡൽഹി: ഇന്ത്യ - ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി - സ്കോട്ട് മോറിസന്‍ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിദേശ നേതാവുമായി ഇന്ത്യ നടത്തുന്ന ആദ്യ വെർച്വൽ ഉഭയകക്ഷി ചർച്ചയായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിമായുള്ള മോദിയുടെ കൂടിക്കാഴ്ച.
ആരോഗ്യം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുവരുടെയും സഹകരണം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടന്നു. ഓസ്‌ട്രേലിയയുമായുള്ള ബന്ധം വളർത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ താൽപര്യപ്പെടുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ മഹാമാരിയെ ചെറുക്കുന്നതിന് ഇരുരാജ്യങ്ങളുടെ തന്ത്രപരവും സമഗ്രവുമായ ഇടപെടൽ അനിവാര്യമാണെന്നും വൈറസിന്‍റെ സാമ്പത്തികവും സാമൂഹികവുമായ പാർശ്വഫലങ്ങളിൽ നിന്ന് മുക്തി നേടാൻ ഈ സഹകരണം സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ബഹുരാഷ്ട്ര യോഗങ്ങളിലായി ഇരുനേതാക്കളും തമ്മിൽ നാല് പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.