ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 2014ല്‍ 1400 കടുവകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം 2019ല്‍ എണ്ണം 2977ആയി ഉയര്‍ന്നു. ലോകത്ത് കടുവകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയാണെന്ന് 2018 ലെ കടുവാ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. അന്താരാഷ്ട്ര കടുവാ ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഏഴ് മാസം മുമ്പാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. കടുവകളുടെ എണ്ണത്തില്‍ കര്‍ണാടകയാണ് ഒന്നാം സംസ്ഥാനത്ത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്. 2006 മുതലാണ് കടുവകളുടെ എണ്ണമെടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. ലോകത്ത് ആകെയുള്ള കടുവകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്.