പട്‌ന: ബിഹാർ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. മഹാഗഡ്‌ബന്ധൻ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവിനെ ജംഗിൾ രാജിന്‍റെ യുവരാജാവ് എന്ന് വിശേഷിപ്പിച്ചാണ് മോദിയുടെ ആക്രമണം.
മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്‍റെ ഭരണകാലത്ത് പ്രതിപക്ഷം അദേഹത്തിന്‍റെ ഭരണത്തെ 'ജംഗിൾ രാജ്' എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജംഗിൾ രാജ് ആയിരിക്കെ ബിഹാറിന് ഒരു ഐടി ഹബ് ആയി മാറാൻ കഴിയുമൊ എന്ന് പാട്നയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി ചോദിച്ചു.
ബിഹാറിലെ മധ്യവർഗത്തിന്‍റെയും ദരിദ്രരുടെയും അഭിലാഷങ്ങൾ ആർക്കാണ് നിറവേറ്റാൻ കഴിയുക എന്ന് മോദി ചോദിച്ചു. ബിഹാർ ജനതയെ രോഗികളാക്കുകയും ബിഹാർ കൊള്ളയടിക്കുകയും ചെയ്ത ആളുകൾക്ക് ഇനിയും ഭരണം സാധ്യമാണോ? തങ്ങളുടെ കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും ബിഹാറിലെ ഓരോ വ്യക്തികളോടും അനീതി കാണിക്കുകയും ദലിതരുടെയും പിന്നോക്ക-ദരിദ്രരുടെയും അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്തവർക്ക് ബിഹാറിന്‍റെ പ്രതീക്ഷകൾ മനസിലാകില്ലെന്നും അത് എൻ.ഡി.എയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും മോദി പറഞ്ഞു.
ബിഹാറിനെ രക്ഷിക്കാൻ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തണമെന്നും 'ലാറ്റന്‍റെ' (വിളക്ക്) (ആർജെഡിയുടെ പാർട്ടി ചിഹ്നം) ദിവസങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മോദി ഇന്ന് ദർബംഗ, മുസാഫർപൂർ, പട്‌ന എന്നിവിടങ്ങളിൽ റാലികളെ അഭിസംബോധന ചെയ്തു. ഈ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബർ മൂന്നിനാണ് നടക്കുന്നത്.