ന്യൂഡല്‍ഹി: ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്നെ കേന്ദ്രമന്ത്രിയാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയിരുന്നുവെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. അങ്ങനെയൊരു വാഗ്ദാനം അദ്ദേഹത്തിന്‍റെ ഔദാര്യമാണെന്നും സുപ്രിയ സുലെ പറഞ്ഞു. ക്ഷണത്തിന് അദ്ദേഹത്തിനോട് നന്ദി അറിയിക്കുന്നു. പക്ഷേ, അത് സംഭവിച്ചില്ല.
കഴിഞ്ഞ മാസം പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചകളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് മോദി നിര്‍ദേശിച്ചുവെന്ന പിതാവും എന്‍സിപി മേധാവിയുമായ ശരദ് പവാറിന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സുപ്രിയ സുലെ. തിങ്കളാഴ്ച ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇതു സംബന്ധിച്ച പ്രസ്താവനകള്‍ നടത്തിയത്. ഇത് ശരിവെക്കുന്നതാണ് സുപ്രിയയുടെ വാക്കുകള്‍.
മഹാ വികാസ് അഖാദി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ധരിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നും സുപ്രിയ പറഞ്ഞു. ബിജെപിയുമായി കൈകോർത്ത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻസിപി നേതാവ് അജിത് പവാർ എപ്പോഴും തന്‍റെ ജ്യേഷ്ഠനായി തുടരുമെന്ന് സുലെ പറഞ്ഞു. അദ്ദേഹം എന്റെ പാർട്ടിയുടെ നേതാവാണ്. അദ്ദേഹം എപ്പോഴും എന്റെ ജ്യേഷ്ഠനും എന്റെ പാർട്ടിയുടെ മുതിർന്ന നേതാവുമായി തുടരുമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.