ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നു.കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കനത്ത മഴയിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുന്നതായും തിങ്കളാഴ്ച അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നതായും കേരള സർക്കാർ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിൽ തുടർച്ചയായ മഴ പെയ്യുന്നതിനാൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയ കാസർകോട് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങളും നേരിടാൻ ഒരുക്കമാണെന്ന് ജില്ലാ കലക്ടർ ഡോ. ഡി. സാജിത് ബാബു പറഞ്ഞു.
തുടർച്ചയായ മഴയെത്തുടർന്ന് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ തുടരുകയാണെന്നും ഭഗമണ്ഡലയിലും പരിസര പ്രദേശങ്ങളിലും കാവേരി നദിയുടെ ജലനിരപ്പ് ഉയരുകയാണെന്നും കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, റവന്യൂ മന്ത്രി ആർ. എം വി വെങ്കിടേഷ് എന്നിവർ പ്രധാനമന്ത്രിയെ അറിയിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് ആറിന് ബീഹാറിലെ ഒന്നിലധികം ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), എസ്‌ഡിആർഎഫ് എന്നിവയുൾപ്പെടെ 30 ടീമുകളെ വിന്യസിച്ചതായി സംസ്ഥാന സർക്കാരിന്‍റെ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ജല നിരപ്പ് ഉയർന്നത് സംസ്ഥാനത്തെ 16 ജില്ലകളെ ബാധിച്ചിട്ടുണ്ട്.