അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. രാവിലെ 11.43 ന് ട്രംപിന്‍റെ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങി. ട്രംപിനോടൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, മകള്‍ ഇവാന്‍കാ ട്രംപ്, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഒബ്രിയൻ, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, എനർജി സെക്രട്ടറി ഡാൻ ബ്രൂയിലെറ്റ് എന്നിവരടങ്ങുന്ന പന്ത്രണ്ട് അംഗ സംഘമാണ് എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണിലാണ് സംഘം ട്രംപും സംഘവും ഇറങ്ങിയത്.
പ്രോട്ടോക്കോള്‍ മറി കടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ട്രംപിനെയും മെലാനിയ ട്രംപിനെയും സ്വീകരിച്ചത്. 12 മണിയോടെ ട്രംപും മോദിയും സബര്‍മതി ആശ്രമത്തിലേക്ക് തിരിച്ചു.
വിമാനത്താവളത്തില്‍ തന്നെ ട്രംപിനെ സ്വീകരിക്കാന്‍ ഗുജറാത്തിന്‍റെ തനത് കലാകാരന്‍മാര്‍ അണി നിരന്നിരുന്നു. വഴിനീളെ ട്രംപിനെ കാണാനായി ആളുകള്‍ നിലയുറപ്പിച്ചിരുന്നു. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പുറമേ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളും വിമാനത്താവളത്തിലും ട്രംപ് സഞ്ചരിക്കുന്നിടത്തൊക്കെയും നീരീക്ഷണം നടത്തുന്നുണ്ട്.
ട്രംപിന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്‍റും. ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ വഴിത്തിരിവാകും ഈ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.
സബർമതി ആശ്രമം സന്ദർശിച്ച ശേഷം മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്‌തേ ട്രംപ്' ചടങ്ങിന് ഇരുനേതാക്കളും സാക്ഷിയാകും. ഏകദേശം ഒരു ലക്ഷത്തലധികം ആളുകൾ 'നമസ്‌തേ ട്രംപ്' എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്ക് പോകും. വൈകിട്ട് 4.45ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്‌മഹല്‍ സന്ദര്‍ശിക്കും. വൈകിട്ട് ഡല്‍ഹിയിലെത്തും. ഫെബ്രുവരി 25 ന് രാത്രി പ്രത്യേക വിമാനത്തിലാണ് ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങുക.