ന്യൂഡൽഹി: ചൈനീസ് മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ സീന വെയ്‌ബോയിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. അദ്ദേഹത്തിന്‍റെ പ്രൊഫൈൽ ഫോട്ടോ, പോസ്റ്റുകൾ, അഭിപ്രായങ്ങൾ എന്നിവ ഹാൻഡിൽ നിന്ന് നീക്കം ചെയ്തു.
ചൈനയുടെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ സീനയിലെ വിഐപി അക്കൗണ്ടുകളിൽ നിന്ന് പുറത്തുപോകുന്നതിന് കൂടുതൽ സങ്കീർണമായ നടപടിക്രമമുണ്ട്. മോദിക്ക് വെയ്‌ബോയിൽ 115 പോസ്റ്റുകൾ ഉണ്ടായിരുന്നു. വളരെയധികം ശ്രമങ്ങൾക്ക് ശേഷം 113 പോസ്റ്റുകൾ നീക്കം ചെയ്തു. ശേഷിച്ച രണ്ട് പോസ്റ്റുകൾ പ്രധാനമന്ത്രി പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനൊപ്പമുള്ള ഫോട്ടോ പോസ്റ്റുകളാണ്. വെയ്‌ബോയിൽ, ചൈനീസ് പ്രസിഡന്‍റിന്‍റെ ചിത്രമുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യൻ സർക്കാർ തിങ്കളാഴ്ച ടിക് ടോക്ക്, യുസി ബ്രൗസർ അടക്കം 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു.