ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പദ്‌ഘടനയുടെ വളര്‍ച്ചക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഏതെങ്കിലും സര്‍വകലാശാലയില്‍ പോയി വിദ്യാര്‍ഥികളോട് പറയാൻ സാധിക്കുമോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. യുവാക്കളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം രാജ്യത്തെ വിഭജിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
വിദ്യാര്‍ഥികള്‍ക്ക് മുൻപില്‍ നില്‍ക്കാനും അവരോട് സംസാരിക്കാനും പ്രധാനമന്ത്രിക്ക് ധൈര്യമില്ല. പകരം പൊലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പൊലീസിന്‍റെ അകമ്പടിയില്ലാതെ സര്‍വകലാശാലകളില്‍ പോയി വിദ്യാര്‍ഥികളോട് സംസാരിക്കാൻ സാധിക്കുമോയെന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.