ന്യൂഡല്‍ഹി: സ്വയം പര്യാപ്‌ത ഇന്ത്യ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയം മാറ്റി നിര്‍ത്താം എന്നാല്‍ രാജ്യത്തിന്‍റെ വികസനം മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് പ്രധാന മന്ത്രി പറഞ്ഞു. അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ശതാബ്‌ദി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയ കാഴ്‌ചപ്പാടിലൂടെയല്ല പുതിയ ഇന്ത്യയെ വീക്ഷിക്കേണ്ടത്. നമ്മള്‍ ഒരുമിച്ച് വലിയൊരു ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ചില പിന്‍തിരിപ്പന്‍ ഘടകങ്ങള്‍ കണ്ടേക്കാം . എന്നാല്‍ അവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടാകും. ഉള്ളില്‍ പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്ന ചിന്ത നിറച്ചാല്‍ അത്തരക്കാര്‍ക്കുള്ള ഇടം ചുരുങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു .
രാജ്യത്തിന്‍റെ വികസനത്തിനും പാവങ്ങള്‍ക്കും യുവാക്കള്‍ക്കും കാത്തിരിക്കാന്‍ കഴിയില്ലെന്നും പാഴാക്കാന്‍ നമ്മള്‍ക്ക് മുന്നില്‍ സമയമില്ലെന്നും മോദി ആഹ്വാനം ചെയ്‌തു. രാജ്യവിഭവങ്ങളുടെ ഗുണങ്ങള്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരിലേക്കും എത്തണം. വ്യത്യാസങ്ങളില്ലാതെ എല്ലാവരിലേക്കും ഗുണഫലങ്ങള്‍ എത്തിക്കുന്നതിലുള്ള യാത്രയിലാണ് രാജ്യമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. സബ്‌കാ സാത്ത്, സബ്‌ക വികാസ്, സബ്‌ക വിശ്വാസ് എന്ന മന്ത്രമാണ് ഇതിന് പിന്നിലെന്നും മോദി പറഞ്ഞു.