ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളും, സാമ്പത്തിക മേഖലയെ ഊര്‍ജിതപ്പെടുത്തുന്നതിലും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൂടിക്കാഴ്‌ച. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 54 ദിവസം പിന്നിടുമ്പോള്‍ ഇത് അഞ്ചാം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തുന്നത്. കുടിയേറ്റ തൊഴിലാളികള്‍ വലിയ തോതില്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് യോഗം ചര്‍ച്ച ചെയ്‌തു. ഏപ്രില്‍ 27 ന് നടന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ അഭിപ്രായം പറയാന്‍ കഴിഞ്ഞില്ലെന്ന് ചില മുഖ്യമന്ത്രിമാര്‍ പരാതി പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരും മുഖ്യമന്ത്രിമാരായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, അമരീന്ദര്‍ സിങ്, നിതിഷ് കുമാര്‍, യോഗി ആദിത്യ നാഥ്, പേമ കണ്ഡു എന്നിവരും യോഗത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടി പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഞായാറാഴ്‌ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടിരുന്നു. റെഡ് സോണുകളെ ഓറഞ്ച് അല്ലെങ്കില്‍ ഗ്രീന്‍ സോണുകളാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 27 നായിരുന്നു മുഖ്യമന്ത്രിമാരുമായുള്ള അവസാനഘട്ട ചര്‍ച്ച. തുടര്‍ന്ന് ഇളവുകളോട് കൂടി മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു.