ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂമിക്ക് മേലുള്ള അവകാശം പ്രധാനമന്ത്രി ചൈനക്ക് വിട്ടുകൊടുത്തതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ അതിർത്തിയിൽ പുറത്ത് നിന്ന് ആരുമില്ലെന്നും ആരും തന്നെ പോസ്റ്റുകൾ പിടിച്ചെടുത്തിട്ടുമില്ല എന്നുമുള്ള മോദിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ തിരിച്ചടിച്ചത്. ഈ പ്രദേശം ചൈനയുടേതാണെങ്കിൽ ഇന്ത്യൻ സൈനികരെ അവർ എന്തിനാണ് കൊന്നത്?, എവിടെയാണ് അവർ കൊല്ലപ്പെട്ടത്? തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഉന്നയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് നടന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രദേശം ചൈന കയ്യേറിയിട്ടില്ലെന്ന പരാമർശം നടത്തിയത്.
യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതികരിച്ചിരുന്നു. സ്ഥിതിഗതികൾ സർക്കാർ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും രഹസ്യാന്വേഷണത്തിൽ എന്തെങ്കിലും വീഴ്‌ച പറ്റിയിട്ടുണ്ടോയെന്നും ചൈന തിരിച്ചുവരവ് നടത്തുമോയെന്നും സോണിയ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ മുതിർന്ന മന്ത്രിമാർ കള്ളം പറയുകയാണെന്നും ലഡാക്കിൽ ധീര ജവാന്മാരുടെ ജീവൻ നഷ്‌ടപ്പെട്ടപ്പോഴും കേന്ദ്രം ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചൈനീസ് സൈനികർ ആക്രമണം നടത്തിയപ്പോൾ ഇന്ത്യൻ സേന നിരായുധരായിരുന്നു എന്ന് ലഡാക്കിൽ മരിച്ച ഒരു ഇന്ത്യൻ ജവാന്‍റെ പിതാവ് പറയുന്ന വീഡിയോയും രാഹുൽ ഗാന്ധി പോസ്റ്റിനൊപ്പം ചേർത്തിരുന്നു. എൽഎസി നിലപാട് സംബന്ധിച്ച് സർക്കാരിനെ ചോദ്യം ചെയ്യുകയും ചൈനക്കാർ എങ്ങനെയാണ് ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്നും, ലഡാക്കിൽ ഇന്ത്യൻ സൈനികർ നിരായുധരായി കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 സൈനികർ വീരമൃത്യു വരിച്ചു.