ന്യൂഡൽഹി: അയോധ്യയില്‍ മസ്ജിദ് നിർമാണത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റില്‍ സര്‍ക്കാരില്‍ നിന്നുള്ള ഒരു പ്രതിനിധിയെ കൂടി നിയമിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അയോധ്യ വിഷയത്തിൽ ഹിന്ദു വിഭാഗത്തിൽ നിന്നുമുള്ള കരുണേഷ് ശുക്ലയാണ് വിഷ്‌ണു ജെയിൻ എന്ന അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം നവംബർ ഒമ്പതിനാണ് അയോധ്യ ക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ഒപ്പം, അയോധ്യയുടെ പ്രധാനപ്പെട്ട സ്ഥലത്ത് മുസ്‌ലിം പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ അനുവദിക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതനുസരിച്ച് അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തിൽ യു.പി ഗവൺമെന്‍റ് അഞ്ച് ഏക്കർ ഭൂമി അനുവദിക്കുകയും ഇത് സുന്നി വഖഫ് ബോർഡ് ഫെബ്രുവരിയിൽ അംഗീകരിക്കുകയും ചെയ്‌തു. തുടർന്ന്, പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡ് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ പരമാവധി 15 അംഗങ്ങളാണുള്ളത്. വഖഫ് ബോർഡ് രൂപീകരിച്ച ട്രസ്റ്റിന്‍റെ അധ്യക്ഷന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖിയാണ്.
ഉത്തർപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കറില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമാണ് നിര്‍മിക്കുന്നത്. കൂടാതെ, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്‍റര്‍, ലൈബ്രറി, ആശുപത്രി എന്നിവയും ഇവിടെ നിര്‍മിക്കും.