ന്യൂഡൽഹി: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുടിയേറ്റക്കാരെയും സാമ്പത്തികമായി ദുർബലരായ ഇന്ത്യൻ പൗരന്മാരെയും തിരിച്ചെത്തിക്കാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രവാസി ലീഗൽ സെൽ ഹർജി ഫയൽ ചെയ്തത്. മടങ്ങിവരവിനായി നിരക്ക് ഈടാക്കുന്നത് വിദേശത്ത് ദുർബലമായ സാഹചര്യങ്ങളിൽ ജീവിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കും. ഗൾഫ് രാജ്യങ്ങളിലെ ക്യാമ്പുകളുടെ അവസ്ഥ മോശമാണെന്നും ഹർജിയിൽ വാദിക്കുന്നു. ലക്ഷക്കണക്കിന് പുരുഷന്മാർ ഇടുങ്ങിയ ഡോർമിറ്ററികളിൽ താമസിക്കുന്നു. ജലദൗർലഭ്യം ശുചിത്വക്കുറവ്, അടുക്കളകളും ടോയ്‌ലറ്റുകളും പങ്കിടൽ എന്നിവ അവരുടെ ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുന്നുണ്ട്.
ഇന്ത്യൻ പൗരന്മാരെ സംഘർഷമേഖലകളിൽ നിന്നും പ്രകൃതി ദുരന്തങ്ങൾ ബാധിച്ച രാജ്യങ്ങളിൽ നിന്നും മറ്റ് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും അടിയന്തിരമായി ഒഴിപ്പിക്കുന്നതിനുള്ള നിർണായക പിന്തുണയ്ക്കായി 2009ലാണ് ഐസിഎഫ്ഡബ്ല്യു കേന്ദ്രസർക്കാർ രൂപീകരിച്ചത്.