ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ മൻസ്യാരിയിലുണ്ടായ മേഘ വിസ്ഫോടനത്തിൽ 14 പേർ മരിച്ചു. തങ്ക ഗ്രാമത്തിൽ നിന്ന് 11 പേരും ഗെല ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേരുമാണ് മരിച്ചത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഗെല ഗ്രാമത്തിൽ മണ്ണിടിച്ചിൽ മൂലം രണ്ട് വീടുകൾ പൂർണമായും നശിച്ചു.
ജില്ലാ ഭരണകൂടത്തിന്‍റെ മാർഗനിർദേശപ്രകാരം സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ടീമുകളും മെഡിക്കൽ സ്റ്റാഫുകളും സ്ഥലത്തെത്തിയിട്ടുണ്ട്. മേഘ വിസ്ഫോടനവും കനത്ത മഴയും ഗതാഗതത്തേയും മോശമായി ബാധിച്ചിട്ടുണ്ട്. തനക്പൂർ-തവാഘട്ട് ഹൈവേ അടച്ചു. മൊബൈൽ നെറ്റ്‌വർക്കുകളെയും ടെലികോം സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ റെസ്ക്യൂ ടീമുകൾ ബുദ്ധിമുട്ടുകൾ നേരിടുകയാണ്.
നേരത്തെ, പിത്തോറഗഡ്-മൻസ്യാരി റോഡിൽ ഉത്തരാഖണ്ഡിലെ മഡ്ഖോട്ടിൽ പാലത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഉത്തരാഖണ്ഡിലെ ചോരിബാഗർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി മുഴുവൻ കനത്ത മഴ പെയ്തതിനെ തുടർന്ന് അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കന്നുകാലികൾ ഒഴുകി പോകുകയും ചെയ്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഒരു പോരായ്മയും ഉണ്ടാകരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. ദുരിതബാധിതർക്ക് ആശ്വാസ തുക നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ ഉത്തരാഖണ്ഡിലും മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.