ന്യൂഡൽഹി: ലോക്ക് ഡൗണിന് മുമ്പ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ ബുക്ക് ചെയ്യുന്നതിന് ആളുകൾ നൽകിയ മുഴുവൻ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. പ്രവാസി ലീഗൽ സെല്ലാണ് ഹർജി ഫയൽ ചെയ്തത്. ലോക്ക് ഡൗണിൽ വിമാന സർവീസുകൾ റദ്ദാക്കിയ ശേഷം മുഴുവൻ ബുക്കിങും എയർലൈൻസ് തിരികെ നൽകാത്തത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച ഉത്തരവിന്‍റെ ലംഘനമാണെന്ന് ഹർജിയിൽ പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് ബുക്ക് ചെയ്തവർക്ക് മാത്രം പണം നൽകണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ ഏപ്രിൽ 16 ലെ ഉത്തരവ് അവ്യക്തവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് പരാതിക്കാരൻ വാദിച്ചു. ഫ്ലൈറ്റ് നിരോധനത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത ഭൂരിഭാഗം യാത്രക്കാരെയും ഉത്തരവ് പ്രകാരം ഒഴിവാക്കിയിരുന്നു.