ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ ആറാം ഘട്ടം സെപ്‌റ്റംബർ ആറിന് ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന പദ്ധതിയാണ് വന്ദേ ഭാരത് മിഷൻ. മിഷന്‍റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് 31ന് അവസാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ ആവശ്യകത അനുസരിച്ച് എയർ ഇന്ത്യയും സ്വകാര്യ കമ്പനികളും വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടത്തിൽ 22 ഓളം രാജ്യങ്ങളിൽ നിന്നായി 900 അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യയിലുടനീളമുള്ള 23 വിമാനത്താവളങ്ങളിൽ എത്തിയെന്നും 12 ലക്ഷത്തിലധികം ഇന്ത്യക്കാരെയാണ് ഓഗസ്റ്റ് 26 വരെ തിരിച്ചെത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു. യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്‍റ്, നൈജീരിയ, ബഹ്‌റിൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലാന്‍റ് അടക്കമുള്ള രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.