ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 21 പൈസയും കൂടി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ പെട്രോളിന് 9.12 രൂപയും ഡീസലിന് 11.01 രൂപയുമാണ് കൂടിയത്. സംസ്ഥാന എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഡൽഹിയിൽ പെട്രോൾ വില 80.38 രൂപയും ഡീസലിന് 80.40 രൂപയുമായി.
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 86.91 രൂപയിൽ നിന്ന് 87.14 രൂപയായും ഡീസൽ നിരക്ക് 78.51 രൂപയിൽ നിന്ന് 78.71 രൂപയായും ഉയർന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ 20 തവണയാണ് പെട്രോൾ വില കൂടിയത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഏഴ് മുതല്‍ പെട്രോള്‍, ഡീസല്‍ വില പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. രാജ്യാന്തര വിപണിയില്‍ വിലത്തകര്‍ച്ച വന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി.