അമരാവതി: ആന്ധ്രാപ്രദേശിനെ ഭീതിയിലാക്കിയ അജ്ഞാത രോഗത്തിന്‍റെ കാരണം കീടനാശിനിയെന്ന് കണ്ടെത്തൽ. അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും മറ്റ് സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിൽ എലൂരുവിലെ രോഗവ്യാപനത്തിന് കാരണം കീടനാശിനിയെന്ന് കണ്ടെത്തിയതായി അന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. എന്നാൽ കീടനാശിനി എങ്ങനെ മനുഷ്യശരീരത്തിൽ പ്രവേശിച്ചുവെന്ന് മനസിലാക്കാൻ ഇനിയും സമയം വേണമെന്ന് വിദഗ്‌ധർ പറഞ്ഞു.
മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയാണ് എയിംസിനെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയെയും ഈ ദൗത്യം ഏൽപ്പിച്ചത്. ഈ ദുരൂഹ രോഗത്തെക്കുറിച്ച് വിദഗ്‌ധരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തുകയും ചെയ്‌തു. എല്ലാ ജില്ലകളിൽ നിന്നും വെസ്റ്റ് ഗോദാവരിയിലെത്തുന്ന വെള്ളത്തിന്‍റെ സാമ്പിളുകൾ പരിശോധിക്കാനും അദ്ദേഹം നിർദേശിച്ചു.
സാമ്പിളുകൾ കൃത്യമായി ശേഖരിച്ച് വിദഗ്‌ധർ പരിശോധിക്കും. എലൂരുവിലെ രോഗത്തെക്കുറിച്ച് എയിംസും ഐഐസിടിയും ദീർഘകാലാടിസ്ഥാനത്തിൽ പഠനം നടത്തും. ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.