ചെന്നൈ: തമിഴ്‌നാട്ടിൽ 45കാരനായ കൊറോണ വൈറസ് രോഗിയുമായി സമ്പർക്കം പുലർത്തിയ 27 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ്. തേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 28ന് മസ്‌കറ്റില്‍ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണമുണ്ടായിരുന്നില്ല. മാർച്ച് നാലിന് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ രാജീവ് ഗാന്ധി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് ഇയാളുടെ കുടുംബാംഗങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും വിവരങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇതുവരെ പരിശോധിച്ച 60 സാമ്പിളുകളിൽ 59 സാമ്പിളുകൾ നെഗറ്റീവും ഒന്ന് പോസിറ്റീവും ആയിരുന്നു. തേനിയിൽ ഒരു പരിശോധനാ കേന്ദ്രം വികസിപ്പിക്കുമെന്നും ഇത് ഒന്നോ രണ്ടോ ദിവസത്തിനകം പ്രവർത്തനക്ഷമമാകുമെന്നും ബസ് ടെർമിനലുകളും മറ്റ് പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കുമെന്നും ബീല രാജേഷ് പറഞ്ഞു.