ന്യൂഡല്‍ഹി: സ്വകാര്യവൽക്കരണം സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുന്നതിനിടെ ശമ്പള കുടിശ്ശിക തന്ന് തീർക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റുമാരുടെ യൂണിയൻ വ്യോമയാനമന്ത്രിക്ക് കത്തയച്ചു. മുടങ്ങി കിടക്കുന്ന ശമ്പളം സമയബന്ധിതമായി നൽകണമെന്നും നോട്ടീസ് കാലയളവില്ലാതെ വിരമിക്കാൻ അനുവദിക്കണമെന്നുമാണ് പൈലറ്റുമാരുടെ ആവശ്യം
സ്വകാര്യവൽക്കരണമല്ലാതെയൊരു പ്ലാൻ ബി കമ്പനിക്ക് ഇല്ലാത്തിടത്തോളം ശമ്പളകുടിശ്ശിക തന്നു തീർത്ത് നോട്ടീസില്ലാതെ വിരമിക്കാൻ അനുവദിക്കണമെന്ന് പൈലറ്റുമാർ വ്യോമയാനമന്ത്രി എച്ച്.പുരിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. എയർലൈനിന്‍റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിൽ പ്രവർത്തിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷന്‍ പറയുന്നുണ്ട്. മാർച്ച് 31, 2020ന് മുമ്പ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടന്നില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന പ്രസ്താവന ആശങ്കപ്പെടുത്തുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്.