ഹരിദ്വാര്‍: കൊവിഡ് ചികിത്സക്കായി മരുന്നു കണ്ടെത്തിയെന്ന അവകാശവാദത്തില്‍ നിന്ന് മലക്കം മറിഞ്ഞ് പതഞ്ജലി. കൊവിഡിനെതിരെ മരുന്ന് ഉണ്ടാക്കിയിട്ടില്ലെന്നും തങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്ന് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മാത്രമാണെന്നും കമ്പനി വിശദീകരണം നല്‍കി. ഉത്തരാഖണ്ഡ് ആയുര്‍വേദ ഡ്രഗ്‌സ് വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടിയായുള്ള വിശദീകരണത്തിലാണ് കമ്പനിയുടെ വാദം. കൊവിഡിനെതിരെ ഫലപ്രദമാണെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കമ്പനി ലൈസന്‍സ് എടുത്തത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകള്‍ക്കാണെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്‌ണ വ്യക്തമാക്കി. ദിവ്യ സ്വസാരി വാടി, ദിവ്യ കൊറോണില്‍ ടാബ്‌ലെറ്റ്, ദിവ്യ അനു ടെയില്‍ എന്നീ മരുന്നുകള്‍ ഇമ്മ്യൂണിറ്റി ബൂസ്റ്ററുകള്‍ക്ക് ബദലാണെന്നും വിശദീകരണത്തില്‍ പറയുന്നു.
ഇത് തന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും വീണ്ടും ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിംസ് യൂണിവേഴ്‌സിറ്റി ഒരു ക്ലിനിക്കല്‍ ട്രയല്‍ മാനദണ്ഡവും ലംഘിച്ചിട്ടില്ലെന്നും പതഞ്ജലി തെറ്റായ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും ആചാര്യ ബാലകൃഷ്‌ണ കൂട്ടിച്ചേര്‍ത്തു. കൊറോണ കിറ്റുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും ക്ലിനിക്കല്‍ ട്രയലിലെ പരീക്ഷവിജയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് മാത്രമേയുള്ളുവെന്ന് പതഞ്ജലി വ്യക്തമാക്കി. കമ്പനിയുടെ കൊറോണില്‍ പാക്കേജില്‍ കൊറോണ വൈറസിന്‍റെ പ്രതീകാത്‌മ ചിത്രം ഉണ്ടായിരുന്നുവെന്ന് ലൈസന്‍സ് ഓഫീസറായ വൈഎസ് റാവത്ത് പറഞ്ഞു. കൊറോണിലിന്‍റെയും മറ്റ് രണ്ട് മരുന്നുകളുടെയും സാമ്പിള്‍ പരിശോധന നടത്തുമെന്നും റാവത്ത് വ്യക്തമാക്കി.
കൊവിഡിനെതിരെ ഫലപ്രദമാണെന്ന വാദവുമായി പതഞ്ജലി പുറത്തിറക്കിയ മരുന്നുകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ ജൂണ്‍ 24 നാണ് ആയുഷ് മന്ത്രാലയം പ്രതികരിച്ചത്. പരസ്യം നല്‍കുന്നത് അടിയന്തരമായി നിര്‍ത്താന്‍ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്‌തു. മതിയായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നിന് അനുമതി നല്‍കുയുള്ളുവെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്പനിയോട് സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ബാബ രാംദേവിനെതിരെ രാജസ്ഥാന്‍ പൊലീസ് എഫ്ഐആര്‍ ചുമത്തുകയും ചെയ്‌തിരുന്നു. കൊറോണില്‍, സ്വാസരി എന്നു പേരിട്ട മരുന്നുകള്‍ ക്ലിനിക്കല്‍ ട്രയലില്‍ വിജയിച്ചുവെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.