ഇന്ത്യാ പാക് അതിർത്തിയിൽ സംഘർഷം രൂക്ഷം. ഇന്നും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. പൂഞ്ച് സെക്ടറിലെ കൃഷ്ണ ഖാദി മേഖലയിൽ മോർട്ടൽ ആക്രമണവും തുടരുന്നു.
അതേസമയം ഇന്ത്യ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. രാവിലെ ആറു മുതൽ ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. ബുധനാഴ്ചയും വെടിനിർത്തൽ കരാർ ലംഘിച്ച് കൃഷ്ണ ഖാദി മേഖലയിലും രജൗരിയിലും പാകിസ്ഥാൻ അക്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണ രേഖയ്ക്ക് അഞ്ച്കിലോ മീറ്റർ ചുറ്റളവിലെ സ്കൂളുകൾക്ക് അവധി നൽകി.
സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.