ന്യൂഡൽഹി: കർതാർപൂർ ഇടനാഴി ഉദ്ഘാനത്തിന് പഞ്ചാബ് മുൻ മുഖ്യമന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാന്‍റെ ക്ഷണം. നേരത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് നവജ്യോത് സിംഗ് സിദ്ദു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, നവജ്യോത് സിംഗ് സിദ്ദു എന്നിവരടക്കം 575 തീർഥാടകർ കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ജാഥയില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യം കേന്ദ്രം അറിയിച്ചത്. പിന്നീട് സിദ്ദുവിന്‍റെ പേര് കേന്ദ്രം ഒഴിവാക്കി. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ ക്ഷണം. പഞ്ചാബിൽ നിന്നുള്ള 13 എംപിമാർ, 117 എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘത്തെ മൻമോഹൻ സിംങ് നയിക്കും.
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി), ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി (ഡിഎസ്‌ജിഎംസി) എന്നിവയുടെ പ്രതിനിധികൾക്ക് പഞ്ചാബ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത പ്രതിനിധി സംഘത്തിനൊപ്പം നങ്കാന സാഹിബിൽ മതപരമായ ഘോഷയാത്ര സംഘടിപ്പിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിച്ചു. പഞ്ചാബിലെ ദേരാ ബാബ നാനാക്കിൽ നിന്ന് പാകിസ്ഥാനിലെ കർതാർപുരിലെ ദർബാർ സാഹിബുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന ഗുരുദ്വാരയിലേക്ക് വിസയില്ലാതെ സന്ദർശനം നടത്താൻ ഇന്ത്യൻ തീർഥാടകരെ അനുവദിക്കുന്നതാണ് കരാർ. ദിവസം 5000 പേർക്ക് തീർഥാടന സൗകര്യമൊരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ അംഗീകരിച്ചു. നിലവിൽ ലഹോർ വഴി നാല് മണിക്കൂറെടുത്താണ് കർതാർപുരിലെത്തുന്നത്. ഇടനാഴി യാഥാർഥ്യമാകുമ്പോൾ ഗുർദാസ്‌പൂരില്‍ നിന്ന് 20 മിനിറ്റ് മാത്രമേ യാത്രക്ക് ആവശ്യമായിവരികയുള്ളൂ.