ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 6.45 ഓടെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടു. പൂഞ്ച് ജില്ലയിലെ ബലാകോട്ടെ, മെൻഡാർ മേഖലകളിലെ നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങളും മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തി. ഇന്ത്യൻ സൈന്യം ഉചിതമായ തരത്തിലുള്ള പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. നേരത്തെ ജമ്മു കശ്മീരിലെ സുന്ദർബാനി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് നായിക് അനീഷ് തോമസിന്‍റെ ജീവൻ നഷ്ടപ്പെടുത്തിയിരുന്നു.
ജമ്മു കശ്മീർ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിൽ നിയന്ത്രണാതീതമായി വെടിനിർത്തൽ ലംഘനമാണ് പാകിസ്ഥാൻ സൈന്യം നടത്തിയതെന്ന് പ്രതിരോധ വകുപ്പിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ നായിക് അനീഷ് തോമസിന് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1999 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി വെടിനിർത്തൽ കരാർ ഈ വർഷം തുടക്കം മുതൽ പാകിസ്ഥാൻ ലംഘിക്കുകയാണ്. ഈ വർഷം ജനുവരി മുതൽ പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ 3186 ലധികം വെടിനിർത്തൽ നിയമലംഘനങ്ങളിലായി 24 സാധാരണക്കാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.