കറാച്ചി: സിന്ധ് പ്രവിശ്യയിലെ ക്ഷേത്രം നശിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്തു. മതനിന്ദാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പിടിയിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പണം മോഷ്ടിക്കാനാണ് തങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകി. സിന്ധ് പ്രവിശ്യയിലെ ചക്രോ പട്ടണത്തിനടുത്തുള്ള മാതാ ദേവൽ ഭൂട്ടാനി ക്ഷേത്രം ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ച നിലയിൽ കണ്ടത്. താർ സീനിയർ പൊലീസ് സൂപ്രണ്ട് അബ്ദുല്ല അഹമ്മദിയാറിന്‍റെ നിർദേശപ്രകാരം തിങ്കളാഴ്ച പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
സമാധാനത്തിനും സാമുദായിക ഐക്യത്തിനും മതപരമായ സഹിഷ്ണുതയ്ക്കും പേരുകേട്ട സ്ഥലമാണ് ചക്രോയെന്നും ഈ പ്രദേശത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ അസഹനീയമാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. അതേസമയം പ്രദേശത്തെ സാമുദായിക സമാധാനം തകർക്കുകയാണ് അക്രമികൾ ഉദ്ദേശിച്ചതെന്നും എല്ലാ സമുദായങ്ങളിലെയും ആളുകൾ ശാന്തത പാലിക്കണമെന്നും സിന്ധ് മനുഷ്യാവകാശ സ്‌പെഷ്യൽ അസിസ്റ്റന്‍റ് അഡ്വക്കേറ്റ് വീർജി കോഹി അറിയിച്ചു.