മുംബൈ: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലോകം ചുറ്റി കാര്‍ട്ടൂണിസ്റ്റുകൾക്ക് വരക്കാനുള്ള ആശയം നല്‍കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്‌മീര്‍ വിഷയത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രിയുടെ ഇന്ത്യക്കെതിരെയുള്ള പരാമര്‍ശത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയുടെ രണ്ടാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് ഖന്ധേരി കമ്മീഷന്‍ ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ തീരങ്ങളില്‍ മുംബൈയിലേത് പോലെയുള്ള ഭീകരാക്രമണം നടത്താനാണ് ചില ശക്തികളുടെ ആഗ്രഹമെന്നും എന്നാല്‍ അതൊരിക്കലും അനുവദിക്കുകയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സേനയെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഖന്ധേരി കമ്മിഷന്‍ ചെയ്യുന്നതോടെ ഇന്ത്യന്‍ നാവിക സേന കൂടുതല്‍ കരുത്ത് നേടുമെന്ന് പാകിസ്ഥാന്‍ മനസിലാക്കണം. രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ നാവികസേന തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലെ നിറഞ്ഞ സദസ് ഇന്ത്യ വന്‍ശക്തിയായി ഉയര്‍ന്നുവരുന്നതിന്‍റെ സൂചനയാണ്. യു.എസിലെ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള കരുത്തരായ നേതാക്കൾ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനെത്തിയത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സാധ്യതകൾ അംഗീകരിച്ചതിന്‍റെ ഉദാഹരണമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.