പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ എന്‍ആര്‍സിയും സിഎഎയും വിഷയമാക്കാത്തതില്‍ ഭരണകക്ഷിയായ ജെഡിയുവിനെയും പ്രതിപക്ഷമായ ആര്‍ജെഡിയെയും വിമര്‍ശിച്ച് ഓൾ ഇന്ത്യ മജ്‌ലിസ് - ഇ- ഇത്തിഹാദുല്‍ മുസ്‌ലിമിൻ നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഉവൈസി.
രണ്ട് വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ ജെഡിയും പിന്തുണയ്‌ക്കുകയും ആര്‍ജെഡി മൗനം പാലിക്കുകയും ചെയ്‌തു. സിഎഎയും എൻആര്‍സിയും മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും മാത്രമല്ല രാജ്യത്തെ 50 ശതമാനം ജനങ്ങളെയും കുഴപ്പത്തിലാക്കുമെന്നും ഉവൈസി പറഞ്ഞു. അസമിലെ അവസ്ഥ അതാണ് സൂചിപ്പിക്കുന്നത്. അഞ്ച് ലക്ഷത്തോളം മാത്രം മുസ്‌ലിങ്ങള്‍ ഉള്ള സംസ്ഥാനത്ത് എൻആര്‍സി ലിസ്‌റ്റ് വന്നപ്പോള്‍ 20 ലക്ഷം ആളുകളുടെ പേരില്ല ഉവൈസി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യമേഖല തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താൻ സര്‍ക്കാര്‍ തയാറാകണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്കൊപ്പമാണ് എഐഎംഐഎം മത്സരിക്കുന്നത്.