ന്യൂഡൽഹി: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായി പഠിച്ച് സമിതി ഉടന്‍ റിപ്പോർട്ട് നൽകുമെന്നും സമിതിയുമായി സർക്കാരിന് ബന്ധപ്പെടാന്‍ അവസരം ഉണ്ടാകുമെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ രണ്ടാം ഇടനാഴി രൂപീകരണത്തിന് കേന്ദ്രം പൂർണ പിന്തുണ നല്‍കുമെന്ന് അറിയിച്ചതായും ജവഹർലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാർക്ക് വരെ മെട്രോ വികസിപ്പിക്കുമെന്നും കണ്ണൂര്‍ വിമാത്താവളം വഴിയുള്ള ഹജ്ജ് യാത്രാനുമതി സംബന്ധിച്ച് കേന്ദ്രത്തിന്‍റെ അനുകൂല പ്രതികരണം ലഭിച്ചതായും പിണറായി വ്യക്തമാക്കി.
ദേശീയ പാത വികസനമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരി ശക്തമായ നിലപാടെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യം ന്യായമാണെന്ന പ്രതികരണം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതായും തീരുമാനം നീണ്ടതില്‍ ഗഡ്കരി ഉദ്യോഗസ്ഥരെ ശകാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.