ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 ഭേദമായവരുടെ എണ്ണം 1992 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13.85 ശതമാനം പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 14378 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ഏകദേശം 3.3 ശതമാനം ആളുകളാണ്. ഇതിൽ 45 വയസിനിടയിൽ മരിച്ചവർ 14.4 ശതമാനം പേരും 45-60 വയസിനിടയിൽ മരിച്ചവർ 10.3 ശതമാനവും 60-75 വയസിനിടയിൽ മരിച്ചവർ 33.1 ശതമാനവും 75ന് മുകളിൽ മരിച്ചവർ 42.2 ശതമാനവുമാണ്. ഈ കണക്ക് വ്യക്തമാക്കുന്നത് പ്രായമായവരിലാണ് കൊവിഡ് 19 കൂടുതൽ അപകട സാധ്യതയുള്ളതെന്നാണ്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 480 ആയി.
അതോടൊപ്പം തന്നെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകളില്‍ മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്ന് ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. പുതുച്ചേരിയിലെ മാഹി, കര്‍ണാടകയിലെ കുഡക് എന്നിവിടങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് 45 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതുതായി കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.