ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ഡല്‍ഹിയില്‍ ഇക്കൊല്ലവും വിവിധയിടങ്ങളില്‍ തീപിടുത്തമുണ്ടായി. 200ഓളം കേസുകളാണ് പല സ്ഥലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 214 ഫോണ്‍കോളുകളാണ് അഗ്നിശമന സേനാ ഓഫീസുകളിലേക്കെത്തിയത്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹിയിലെ ജഗത്പുരി മേഖലയിലെ സാനിറ്ററി കടയ്ക്ക് തീപിടിച്ചതും സദര്‍ ബസറിലെ പ്ലാസ്റ്റിക് കളിപ്പാട്ട കടക്ക് തീപിടിച്ചതും ഭീതി ഉണ്ടാക്കിയെങ്കിലും അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ കാരണം തീയണക്കാൻ കഴിഞ്ഞു. ഇത്തവണ പടക്ക കച്ചവടത്തിന് വിലക്ക് ഉണ്ടായിരുന്നതിനാല്‍ പടക്കം പൊട്ടിച്ചുള്ള അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ദീപാവലി പ്രമാണിച്ച് 2000 അഗ്നിശമന സേന ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരുന്നത്. 61 സ്ഥിരം അഗ്നിശമന ഓഫീസുകള്‍ക്ക് പുറമെ താല്‍ക്കാലിക ഓഫീസുകളും സജ്ജീകരിച്ചിരുന്നു. കൂടുതല്‍ ഫോണ്‍കോളുകള്‍ വന്നത് ഡല്‍ഹിയുടെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലകളില്‍ നിന്നായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.