ഷിംല: ഹിമാചൽ പ്രദേശിൽ കുടുങ്ങിക്കിടക്കുന്ന 200ഓളം വരുന്ന ഉത്തർപ്രദേശ് സ്വദേശികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 250 ദിവസവേതന തൊഴിലാളികൾ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ അകപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടെന്നു തന്നെ തങ്ങളെ സ്വദേശത്ത് എത്തിക്കാനുള്ള നടപടികൾ യുപി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
മാൻപുര, ടെഹസിൽ, നലഗഡ്, സോളൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ജോലിയും ഇല്ല. രണ്ട് നേരത്തെ ഭക്ഷണം മാത്രമാണ് ലഭിക്കുന്നതെന്നും പ്രാദേശിക എംഎൽഎമാരോ മുഖ്യമന്ത്രിയോ തൊഴിൽ വകുപ്പ് മന്ത്രിയോ ഇടപെട്ട് എല്ലാവരെയും നാട്ടിലെത്താനുള്ള സഹായങ്ങൾ നൽകണമെന്നും ഒരു തൊഴിലാളി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അഭ്യർഥിക്കുന്നു. ലോക്ക് ഡൗൺ മൂലം ഹരിയാനയിൽ കുടുങ്ങിപ്പോയ 1,500 തൊഴിലാളികളെ 62 ബസുകളിലായി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ എത്തിച്ചിരുന്നു.