ന്യൂഡൽഹി: ഡൽഹിയിൽ കണ്ടെയിൻമെന്‍റ് സോണുകളിൽ സർക്കാർ ദ്രുത-ആന്‍റിജൻ പരിശോധന ആരംഭിച്ചു. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ നടത്തിയ 5.96 ലക്ഷത്തിലധികം പരിശോധനകളില്‍ 45 ശതമാനത്തിലധികം നടത്തിയത് ദ്രുത-ആന്‍റിജൻ രീതിയിലാണ്. ജൂൺ 18ന് നഗരത്തിൽ ദ്രുത-ആന്‍റിജൻ പരിശോധനകൾ ആരംഭിച്ചത്. ശേഷം നടത്തിയ 2,75,396 പരിശോധനകളില്‍ 1.5 ലക്ഷത്തോളം പേരെ ദ്രുത ആന്‍റിജൻ കിറ്റുകളിലൂടെ പരിശോധിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. പ്രതിദിനം 17,000 പരിശോധനകളാണ് ഡൽഹിയിൽ നടത്തുന്നത്.
തലസ്ഥാനത്തെ 11 ജില്ലകളിലെ കണ്ടെയ്നർ സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളിയാഴ്ച, സർക്കാർ ദ്രുത-ആന്‍റിജന്‍ പരിശോധന വിപുലീകരിച്ചു. തലസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളും കൊവിഡ് -19 പരിശോധന ആരംഭിച്ചു.
ആർടി-പിസിആർ പരിശോധനയുമായി താരതമ്യപ്പെടുത്തുമ്പോൾ ദ്രുത-ആന്‍റിജൻ പരിശോധന എളുപ്പവും വിലകുറഞ്ഞതുമായ രീതിയാണെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. ഒരു ടെസ്റ്റിങ് കിറ്റിനും 450 രൂപയാണ് വില. 30 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകാൻ കഴിയും. ദക്ഷിണ കൊറിയൻ കമ്പനിയായ എസ്ഡി ബയോസെൻസറാണ് സ്റ്റാൻഡേർഡ് ക്യു കൊവിഡ് -19 എഗ് ഡിറ്റക്ഷൻ എന്ന് വിളിക്കുന്ന കിറ്റുകൾ വികസിപ്പിച്ചെടുത്തത്.