ജയ്‌പൂർ: 13 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ രാജസ്ഥാനിൽ തിരിച്ചെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ശ്രമിക് ട്രെയിനുകളിലും, ബസുകളിലാണ് ഇവർ രാജസ്ഥാനിലെത്തിയത്. അതേസമയം ആറ് ലക്ഷത്തിലധികം പേർ രാജസ്ഥാനിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ കുടിയേറ്റക്കാരുടെ യാത്ര ഏകദേശം അവസാനിക്കാറായെന്ന് വ്യവസായ അഡിഷണൽ ചീഫ് സെക്രട്ടറി സുബോദ് അഗർവാൾ പറഞ്ഞു. 13.43 ലക്ഷം പേർ തിരിച്ചെത്തിയപ്പോൾ 6.13 ലക്ഷം പേരാണ് മടങ്ങിപ്പോയത്.
ജൂൺ ഒന്നിനാണ് രാജസ്ഥാനിൽ നിന്ന് അവസാനത്തെ ശ്രമിക് ട്രെയിൻ പുറപ്പെട്ടത്. എന്നാലും കുടിയേറ്റ തൊഴിലാളികൾക്കായി 100 ക്യാമ്പുകൾ സംസ്ഥാനത്ത് സജ്ജമാണെന്ന് അഗർവാൾ അറിയിച്ചു. ലോക്ക് ഡൗണിന്‍റെ ആദ്യ സമയങ്ങളിൽ തിരിച്ചുവരുന്നതിനും മടങ്ങിപ്പോകുന്നതിനുമുള്ള തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാൽ ക്രമേണ എല്ലാവരും രജിസ്‌ട്രേഷൻ റദ്ദാക്കി ദുൻഗാപൂർ, പാലി, സിരോഹി, ജലോർ, നാഗൂർ, ബിക്കാനെർ, ബാർമർ തുടങ്ങിയ ജില്ലകളിലേക്ക് മടങ്ങി.
മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ തിരിച്ചെത്തിയത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെത്തി. കുടിയേറ്റക്കാർക്ക് താമസം, ഭക്ഷണം, മരുന്നുകൾ, പരിശോധന, ഗതാഗത സൗകര്യങ്ങൾ എന്നിവ കൃത്യമായി ക്രമീകരിച്ചു. ഗതാഗത ചെലവുകളെല്ലാം സംസ്ഥാന സർക്കാർ വഹിച്ചു. ബസുകൾ കൂടാതെയുള്ള മറ്റ് വാഹന സൗകര്യങ്ങളും, സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയും നൽകി. കാൽനടയായി സ്വദേശത്തേക്ക് പോകുന്നവർക്ക് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ജില്ലാഭരണകൂടം റോഡുകളിൽ പരിശോധന കർശനമാക്കിയെന്നും സുബോദ് അഗർവാൾ പറഞ്ഞു.